International
ടെഹ്റാൻ: ഇറാനിലെ പ്രമുഖ നഗരമായ ഇസ്ഫഹാനിൽ അമേരിക്കൻ-ഇസ്രയേൽ സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുദ്ധം തുടങ്ങിയത് മുതൽ തലസ്ഥാനമായ ടെഹ്റാന് പുറമെ രാജ്യത്തെ 200-ഓളം നഗരങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. ഇറാന്റെ വ്യവസായ-സൈനിക കേന്ദ്രങ്ങളുടെ ആസ്ഥാനമാണ് ഇസ്ഫഹാൻ.
ഇസ്ഫഹാനിലെ പ്രധാന ഫാക്ടറികൾക്കും സൈനിക താവളങ്ങൾക്കും നേരെയാണ് ബോംബാക്രമണം ഉണ്ടായത്. സൈനിക കേന്ദ്രങ്ങളെ കൂടാതെ ജനവാസ മേഖലകളും ആക്രമിക്കപ്പെടുന്നുണ്ട്. അനേകം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നു. സ്കൂളുകൾ, ആശുപത്രികൾ, റെഡ് ക്രസന്റ് ഓഫീസുകൾ എന്നിവയ്ക്ക് നേരെയും ബോംബേറുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാർഗ് ഐലൻഡ് കഴിഞ്ഞ ദിവസം അമേരിക്ക ആക്രമിച്ചിരുന്നു. ഇസ്ഫഹാനിലെ വൻകിട വ്യവസായ ശാലകൾ തകർന്നതോടെ ഇറാന്റെ ഉത്പാദന മേഖലയും നിശ്ചലമായിരിക്കുകയാണ്. പരിക്കേറ്റവർക്കായി ആശുപത്രികൾ നിറഞ്ഞുകവിയുകയാണെന്നും മരുന്നുകളുടെയും അത്യാവശ്യ സൗകര്യങ്ങളുടെയും കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
International
കീവ്: റഷ്യ നടത്തുന്ന കടുത്ത ബോംബാക്രമണത്തിൽ ദുരിതമനുഭവിക്കുന്ന യുക്രെയ്നിലെ ജനതയ്ക്കു വീണ്ടും സഹായവുമായി ലെയോ പതിനാലാമൻ മാർപാപ്പ. രാജ്യത്തു കൂടുതല്‍ ദുരിതം നേരിടുന്ന മേഖലകളിലേക്ക് മൂന്ന് ട്രക്കുകൾ നിറയെ ഭക്ഷ്യവസ്തുക്കൾ മാർപാപ്പ അയച്ചു.
ദക്ഷിണകൊറിയൻ ഭക്ഷ്യകമ്പനിയായ സാംയാംഗ് ഫുഡ്സ് സംഭാവന ചെയ്ത ഭക്ഷ്യവസ്തുക്കള്‍ നിറച്ച ട്രക്കുകൾ ക്രിസ്മസിന് തൊട്ടുമുമ്പ് വത്തിക്കാനിൽ എത്തിയിരുന്നു. പിന്നാലെ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം ഇത് യുക്രെയ്നിലെ ദുരിതബാധിത മേഖലകളില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ലെയോ പതിനാലാമന്‍ മാർപാപ്പയുടെ നിർദേശാനുസരണം ഉപവിപ്രവര്‍ത്തനങ്ങള്‍ക്കായുള്ള കാര്യാലയം യുക്രെയ്നിലെ ഖാർക്കീവിലെ കുടുംബങ്ങൾക്ക് സഹായം എത്തിച്ചിരുന്നു.
യുക്രെയ്നെ നിരവധി തവണ സഹായിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതമാതൃക പിന്തുടർന്ന് ലെയോ പതിനാലാമൻ മാർപാപ്പയും രാജ്യത്തു ജീവകാരുണ്യപ്രവർത്തനങ്ങൾ തുടരുകയാണ്.